Jump to content

വൈദ്യശാസ്ത്രചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിപ്പോക്രാറ്റസുമായി ബന്ധപ്പെട്ട ചില ആദ്യകാല വൈദ്യശാസ്ത്രരേഖകൾ

സമൂഹങ്ങൾ പൗരാണികകാലം മുതൽ ഇന്ന് വരെ അസുഖങ്ങളോടും ചികിത്സയോടുമുള്ള സമീപനത്തിൽ എങ്ങനെയൊക്കെ മാറ്റം വരുത്തി എന്നതിനെക്കുറിച്ചുള്ള വിവരസഞ്ചയമാണ് വൈദ്യശാസ്ത്രചരിത്രം. ആദ്യ വൈദ്യശാസ്ത്ര രൂപങ്ങൾ ബാബിലോണിയ,ചൈന, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളതായിരുന്നു. രോഗനിർണയം, രോഗനിദാനം, വൈദ്യശാസ്ത്ര നൈതികത മുതലായ ആശയങ്ങൾ ഇന്ത്യയിലാണ് രൂപം കൊണ്ടത്. ബിസി അഞ്ചാം നൂറ്റാണ്ടിൽ പ്രാചീന ഗ്രീസിൽ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ എഴുതപ്പെട്ടു. ഇതാണ് ഇന്നും വൈദ്യശാസ്ത്രജ്ഞർ ചൊല്ലുന്ന പ്രതിജ്ഞക്ക് അടിത്തറയിട്ടത്. മധ്യകാലത്ത് പ്രാചീനഗുരുക്കന്മാരിൽ നിന്ന് കിട്ടിയ ശാസ്ത്രക്രിയാജ്ഞാനം റോഡ്രിഗ്വസ് ശസ്ത്രക്രിയാ പ്രയോഗം എന്ന പുസ്തകത്തിൽ മെച്ചപ്പെടുത്തി ക്രോഡീകരിച്ചു. എ ഡി 1220 ൽ ഇറ്റലിയിലാണ് സർവ്വകലാശാലകൾ വൈദ്യശാസ്ത്രം എന്ന വിഷയത്തിൽ പഠനശാഖകൾ തുടങ്ങിയത്.

നവോത്ഥാനകാലത്ത് ശരീരശാസ്ത്രം വികസിതമായി, സൂക്ഷ്മദർശിനിയുടെ കണ്ടുപിടിത്തവും നടന്നു. പത്തൊൻപതാം നൂറ്റാണ്ടിനു മുൻപ് അസുഖങ്ങൾക്ക് കാരണം ഹ്യൂമറുകൾ എന്ന് വിളിക്കുന്ന വിവിധ സ്രവങ്ങളുടെ ശരീരത്തിലെ ഏറ്റക്കുറച്ചിലാണ് എന്നായിരുന്നു വിശ്വാസം. അത് പതിയെ രോഗാണുക്കളാണ് രോഗഹേതു എന്ന ആധുനിക തത്ത്വത്തിന് വഴിമാറി. ഇത് പല സാംക്രമികരോഗങ്ങൾക്കും ഫലപ്രദമായ ചികിത്സകൾ കണ്ടുപിടിക്കാനും പല രോഗങ്ങളെയും തുടച്ചുനീക്കാനും കാരണമായി. സൈനിക ഡോക്ടർമാർ പരിക്കുകൾക്കുള്ള ചികിത്സാരീതികളെയും ശാസ്ത്രക്രിയാരീതികളെയും വിപുലീകരിച്ചു. പൊതുശുചിത്വ പദ്ധതികൾ പത്തൊൻപതാം നൂറ്റാണ്ടിൽ വേഗതയിൽ വികസിച്ചു, കാരണം പട്ടണങ്ങളുടെ അതിവേഗ വളർച്ചക്ക് ചിട്ടയായ ശുചിത്വപദ്ധതികൾ അനിവാര്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉന്നത ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടുതുടങ്ങി. ഇവ വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് സാധാരണ കണ്ടുവരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം രോഗാണുനാശിനികൾ പോലെയുള്ള ജീവശാസ്ത്ര ചികിത്സാരീതികൾ അടയാളപ്പെടുത്തുന്നു. ഈ മുന്നേറ്റങ്ങൾ, രസതന്ത്രത്തിലെയും, ജനിതകശാസ്ത്രത്തിലെയും റേഡിയോഗ്രാഫിയിലെയും പുത്തൻ സങ്കേതങ്ങളുടെ കൂടെ ചേർന്ന് ആധുനിക വൈദ്യശാസ്ത്രം ജനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം തൊഴിലാളിവത്കരിക്കപ്പെട്ടു. വനിതകൾക്ക് 1870-ൽ നഴ്സ് ആയും 1970-കാലയളവിൽ ചികിത്സകർ ആയും പുതിയ തൊഴിൽമേഖല തുറന്നുകിട്ടി.

"https://ml.wikipedia.org/w/index.php?title=വൈദ്യശാസ്ത്രചരിത്രം&oldid=3085943" എന്ന താളിൽനിന്ന് ശേഖരിച്ചത്