മെസ്ക്വാക്കി
“മെസ്ക്വാക്കി” തദ്ദേശീയ അമേരിക്കൻ-ഇന്ത്യാക്കാരുടെ ഒരു വർഗ്ഗമാണ്. ഇവർ “ഫോക്സ് ട്രൈബ്” എന്നും അറിയപ്പടുന്നു. ഇവർ സൌക്ക് ജനങ്ങളുമായി ഭാഷാപരമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വർഗ്ഗമാണ്. മെസ്ക്വാക്കി ഭാഷയിൽ ഈ ജനവിഭാഗം സ്വയം വിശേഷിപ്പിക്കുന്നത് “Meshkwahkihaki” എന്നാണ്. ഇതിനർത്ഥം "ദ റെഡ്-എർത്ത്സ്” എന്നാണ്. ചരിത്രപരമായി അവരുടെ പിതൃഭൂമി മഹാതടാക മേഖലയായിരുന്നു. ഈ വർഗ്ഗക്കാർ ഇന്നത്തെ ഒൻറാറിയോ, കാനഡ മേഖലകളിലുള്ള സെൻറ് ലോറനസ് നദീതടത്തിൽ എത്തിച്ചേരുകയും ഫ്രഞ്ച് കുടിയേറ്റക്കാരുടെ സമ്മർദ്ദഫലമായി അവിടെ നിന്ന് മഹാതടാകങ്ങളുടെ തെക്കു ദിക്കിൽ കുടിയേറുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ അമേരിക്കക്കാർ സംയോജിപ്പിച്ച് മിഷിഗൺ, വിസ്കോസിൻ, ഇല്ലിനോയിസ്, അയവ എന്നീ സംസ്ഥാനങ്ങളായിത്തീർന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരും അവരുടെ സഖ്യകക്ഷികളായിരുന്ന മറ്റ് അമേരിക്കന് ഇന്ത്യൻ വംശജരുമായുള്ള യുദ്ധങ്ങളിൽ മെസ്ക്വാക്കികൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിൽ 1730 ലെ യുദ്ധത്തിൽ മെസ്ക്വാക്കികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോ അമേരിക്കൻ കോളനിവത്കരണവും കുടിയേറ്റങ്ങളും ഐക്യനാടുകളുടെ നേതൃത്വത്തിൽ തുടർന്നു. അവർ മെസ്ക്വാക്ക്-ഫോക്സ് വർഗ്ഗത്തെ തെക്കുനിന്നും പടിഞ്ഞാറുനിന്നും അമേരിക്കയുടെ മദ്ധ്യപടിഞ്ഞാറു ഭാഗത്തെ പുൽമേടുകളിലേയ്ക്ക് ആട്ടിപ്പായിച്ചു. 1851 ൽ അയവ സംസ്ഥാന അസംബ്ലി അസാധാരണമായ ഒരു നിയമം പാസാക്കിയിരുന്നു. ഈ നിയമമനുസരിച്ച് ഫോക്സ് വർഗ്ഗക്കാർക്ക് സംസ്ഥാനത്തു തങ്ങുവാനും ഭൂമി വാങ്ങുവാനുമുള്ള അനുമതി നല്കപ്പെട്ടു. സാക്-ഫോക്സ് വർഗ്ഗത്തിലുള്ള മറ്റുള്ളവർ ഇന്നത്തെ കൻസാസ്, ഒക്ലാഹോമ, നെബ്രാസ്ക എന്നിവ നില്ക്കുന്ന പ്രദേശങ്ങളിലെ ഇന്ത്യൻ റിസർവ്വേഷനുകളിലേയ്ക്ക് നീക്കം ചെയ്യ്പ്പെടുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫെഡറൽ അംഗീകാരം സിദ്ധിച്ച 3 “സാക്-ഫോക്സ്” റിസർവ്വേഷനുകൾ നിലവിലുണ്ട്.