Jump to content

അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
proopiomelanocortin (adrenocorticotropin/ beta-lipotropin/ alpha-melanocyte stimulating hormone/ beta-melanocyte stimulating hormone/ beta-endorphin)
proopiomelanocortin derivatives
POMC
     
γ-MSH ACTH β-lipotropin
         
  α-MSH CLIP γ-lipotropin β-endorphin
       
    β-MSH  
Identifiers
Symbol POMC
Entrez 5443
HUGO 9201
OMIM 176830
RefSeq NM_000939
UniProt P01189
Other data
Locus Chr. 2 p23

പിറ്റ്യൂറ്ററി ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന ഹോർമോണുകളിൽ ഒന്നാണ് അഡ്രിനോകോർട്ടിക്കോട്രോപ്പിക് ഹോർമോൺ. ഈ ഗ്രന്ഥി അനേകം ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. അവയിൽ നാലെണ്ണം ട്രോപ്പിക് ഹോർമോണുകളാണ് ഉത്തേജിപ്പിക്കുന്നത് എന്നാണ് ട്രോപ്പിക് എന്ന വാക്കിനർഥം. മറ്റു പല അന്തസ്സ്രാവിഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതു (stimulating) കൊണ്ടാണ് ഇവയ്ക്കു ട്രോപ്പിക് ഹോർമോണുകൾ എന്നു പേർ ലഭിച്ചിട്ടുള്ളത്. ആ നാലിൽ ഒന്നാണ് എ.സി.റ്റി.എച്ച്. എന്ന ചുരുക്കപ്പേരുകൊണ്ട് സാമാന്യമായി അറിയപ്പെടുന്ന അഡ്രിനൊ കോർടിക്കോട്രോപ്പിക് ഹോർമോൺ. ഇതിന്റെ കാര്യമായ സ്വാധീനശക്തി അഡ്രിനൽ ഗ്രന്ഥികളിലാണ് പ്രകടമായിക്കാണുന്നത്. അഡ്രിനൽ കോർട്ടെക്സിൽനിന്നുള്ള ഹോർമോൺസ്രാവത്തെ ഇത് ഉത്തേജിപ്പിക്കുന്നു (ഉദാ. കോർട്ടിസോൺസ്രാവം). പന്നി, ആട് എന്നിവയുടെയും മനുഷ്യന്റെയും പിറ്റ്യൂറ്ററി ഗ്രന്ഥികളിൽനിന്ന് എ.സി.റ്റി.എച്ച്.-നെ ശുദ്ധമായ അവസ്ഥയിൽ വേർപെടുത്തിയെടുത്തിട്ടുണ്ട്.

ട്രോപ്പിക് ഹോർമോണുകൽ

[തിരുത്തുക]

പിറ്റ്യൂറ്ററിയിൽ ആൽഫാ, ബീറ്റാ എന്നിങ്ങനെ രണ്ടുതരം സെല്ലുകളുണ്ട്. ട്രോപ്പിക് ഹോർമോണുകൾ പൊതുവേ ബീറ്റാസെല്ലുകളിലാണു നിർമിതമാകുന്നതെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും എ.സി.റ്റി.എച്ച്.-ന്റെ കാര്യത്തിൽ അന്തിമമായ തെളിവ് ഇനിയും കിട്ടിയിട്ടില്ല. 39 അമിനൊ അമ്ളങ്ങൾ കോർത്തിണക്കിയ ഒരു പോളിപെപ്റ്റൈഡിന്റെ സംരചനയാണ് ഇതിനുള്ളത്. ഇതിന്റെ ത. ഭാ. ഏകദേശം 4500 ആണ്. കൊളസ്റ്റിറോളിനെ സ്റ്റിറോയ്ഡൽ ഹോർമോണുകളാക്കി മാറ്റുക എന്നതാണ് ശരീരത്തിൽ ഇതിന്റെ ഏറ്റവും പ്രധാനമായ പ്രവർത്തനം. അമിനൊ അമ്ളങ്ങളിൽനിന്നു യൂറിയയുടെ ഉത്പാദനം കുറയ്ക്കുക എന്നുള്ളതാണ് പ്രോട്ടീൻ ഉപാപചയത്തിൽ ഇതിന്റെ മുഖ്യമായ പങ്ക്. അഡിപ്പോസ് ടിഷ്യൂവിൽനിന്നു സ്വതന്ത്ര കൊഴുപ്പ് അമ്ളങ്ങളുടെ (free fatty acids) ഉത്പാദനം വർധിപ്പിക്കലും ഇതിന്റെ മറ്റൊരു പ്രവർത്തനമായി കരുതപ്പെടുന്നു. ശരീരത്തിൽ എ.സി.റ്റി.എച്ച്. കുത്തിവെച്ചാൽ രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അംശം കുറഞ്ഞും ഹൈപോഗ്ളൈസീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു.

ഒരു ജീവി ഏതെങ്കിലും ഒരു സമ്മർദത്തിനു (ഉദാഹരണം ഭയം, രക്തസ്രാവം) വിധേയമാകുമ്പോൾ ശരീരത്തിൽ ഉടനടി ഉണ്ടാകുന്ന ജീവശാസ്ത്രപരമായ പരിണാമങ്ങളുടെ പ്രാരംഭം എ.സി.റ്റി.എച്ച്. -ന്റെ സ്രാവമാണ്. സ്രവിച്ചയുടൻതന്നെ ഇത് അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടെക്സിൽ എത്തിച്ചേർന്ന് അതിനെ ഉത്തേജിപ്പിക്കുകയും അതിൽനിന്ന് ആൽഡോസ്റ്റിറോൺ ഒഴികെ മറ്റെല്ലാ ഹോർമോണുകളെയും വേണ്ട അളവിൽ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ച്. കുത്തിവെച്ചാൽ അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകളുടെ (ആൽഡോസ്റ്റിറോൺ ഒഴികെ) അളവു വർധിച്ചുകാണുന്നു എന്നത് ഇതിനു തെളിവാണ്. തൻമൂലം പല സമ്മർദരോഗങ്ങൾക്കും (ഉദാ. എക്സിമ, ഗാസ്റ്റ്രിക് അൾസർ) ഈ ഹോർമോൺ കുത്തിവെയ്ക്കാവുന്നതാണ്. അതുകൂടാതെ വാതപ്പനി, സന്നിപാതം, രക്തത്തിൽ ശ്വേതാണുക്കളുടെ വർധനവ്, രക്തത്തിൽ ജനനാലുള്ള ഗ്ളൂക്കോസിന്റെ കുറവ് എന്നിങ്ങനെ പല രോഗങ്ങളെയും ഇതുകൊണ്ടു ചികിത്സിക്കാറുണ്ട്. ചില രോഗങ്ങളെ താത്ക്കാലികമായിട്ടാണെങ്കിലും പെട്ടെന്നു തടഞ്ഞു നിർത്തുവാൻ ഇതിനു കഴിവുള്ളതുകൊണ്ട് അവയെക്കുറിച്ചു പഠിക്കുവാൻ ഇതു കുത്തിവെയ്ക്കാവുന്നതാണ്.

വിദഗ്ദ്ധമായ വൈദ്യോപദേശമനുസരിച്ചു മാത്രമെ എ.സി.റ്റി.എച്ച്. കൊണ്ടു ചികിത്സ നടത്താവൂ. ഈ ഹോർമോൺ അമിതമായാൽ മുഖം, കൈകൾ, കാലടികൾ എന്നീ സ്ഥാനങ്ങളിൽ തവിട്ടു നിറം വന്നുചേരും. മുഖം വീർക്കും. തൊലിക്കു നിറം പകരും. തലമുടി ധാരാളം വളരും. സ്ത്രീകൾക്കാണെങ്കിൽ താടിയും മീശയും വരും. പുരുഷൻമാരുടെ ലൈംഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടും. എല്ലുകളിലെ ലോഹാംശം കുറയും. ദീർഘകാലം ചികിത്സയിൽ ഏർപ്പെട്ടിരുന്നവരിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടിട്ടുണ്ട്. ക്ഷയരോഗികൾക്കും മറ്റു സാംക്രമികരോഗങ്ങൾ ഉള്ളവർക്കും ഈ ഹോർമോൺ കൊണ്ടു ചികിത്സ നടത്തിക്കൂടാ.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.